കോഴിക്കോട്: സ്കൂളിലെ അവധിക്കാല ക്ലാസിനെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം ക്ലാസുകാരന്. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിദ്യാര്‍ഥി വിളിച്ചത്.
അവധിക്കാലമായിട്ടും സ്കൂളില്‍ ക്ലാസെടുക്കുന്നുവെന്നു പരാതിപ്പെട്ട വിദ്യാര്‍ഥി തന്റെ പേരു വെളിപ്പെടുത്തരുതെന്നു മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
പേര് വെളിപ്പെടുത്തില്ലെന്നു മന്ത്രി പറഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെയും ചാനലുകളിലൂടെയും നാട്ടിലെല്ലാം അക്കാര്യം പാട്ടായി. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയിലായിരുന്നു ഫോണ്‍ വിളി എന്നതിനാല്‍ വിദ്യാര്‍ഥി പറഞ്ഞ കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്നവര്‍ കേള്‍ക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവരികയുമായിരുന്നു.
വിദ്യാര്‍ഥിയുടെ സമീപത്ത് അമ്മയും ഉണ്ടായിരുന്നു. അവര്‍ മകന്റെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങി യുഎസ്എസ് ക്ലാസാണ് നടക്കുന്നതെന്നും കുറച്ചുസമയം മാത്രമേ ക്ലാസ് ഉള്ളൂവെന്നും മന്ത്രിയോടു പറഞ്ഞ് വിഷയത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശ്രമിച്ചു.
മകന് പഠിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ ചോദ്യത്തിന്, കളിയാണ് കൂടുതലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ഏഴാം ക്ലാസുകാരന് കളിച്ചുനടക്കേണ്ട പ്രായമാണിതെന്ന് മന്ത്രി അമ്മയോടു പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിയോട് സംസാരിച്ച മന്ത്രി, കളിയോടൊപ്പം പഠനത്തില്‍ക്കൂടി ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. അവധിക്കാലത്ത് സ്കൂളില്‍ ക്ലാസ് നടത്തുന്നത് ശരിയല്ലെന്ന് മന്ത്രി പൊതുവായി പ്രതികരിക്കുകയും ചെയ്തു.